Wednesday, December 13, 2006

ആരാണു ദൈവം?-3

നാമെല്ലാം ഒരു സൃഷ്ടാവിന്റെ സൃഷ്ടികള്‍. ഒരേ പിതാവിന്റെ മക്കള്‍. എല്ലാവരും ഒരേ രീതിയില്‍ ഈ പ്രപഞ്ചത്തിലെ അതിഥികളായെത്തി. ഒരേ പ്രാണവായു ശ്വസിക്കുന്നു. വിശക്കുന്നതും വിശപ്പകറ്റുന്നതും ഒരുപോലെ. ദാഹിക്കുന്നതും ദാഹം തീര്‍ക്കുന്നതും ഒരേ രീതിയില്‍. വ്യത്യസ്ത മതക്കാരനു വ്യത്യസ്ത രീതികളില്ല. കാരണം നമ്മുടെ സൃഷ്ടാവ്‌ ഒരുവനാണ്‌.അതിനാല്‍ നമുക്കൊരു ബാധ്യതയുണ്ട്‌. നാം നമ്മുടെ സൃഷ്ടാവിനോട്‌ നന്ദി കാണിക്കണം. സര്‍വ്വവും നമുക്കായി സജ്ജമാക്കിയ സൃഷ്ടാവിനോട്‌, സകല ഐശ്വര്യങ്ങളും നമുക്കായി ഒരുക്കിയ കരുണാവാരിധിയോട്‌. ചെറിയ ഉപകാരങ്ങള്‍ക്കുപോലും സഹജീവികളോട്‌ നാം നന്ദി കാണിക്കാറില്ലേ. മനുഷ്യന്റെ നിലനില്‍പിന്നാവശ്യമായ സകലതും ഒരുക്കി സംവിധാനിച്ച പ്രപഞ്ചനാഥനോട്‌ നന്ദി കാണിക്കാന്‍ വിമുഖത കാണിക്കുന്നത്‌ തികഞ്ഞ അന്യായമത്രെ.എങ്ങനെയാണ്‌ അവന്ന്‌ നന്ദി കാണിക്കേണ്ടത്‌? അവന്ന്‌ നമ്മുടെ പ്രത്യുപകാരങ്ങളോ ഭക്ഷ്യവസ്തുക്കളോ ആവശ്യമില്ല. മറിച്ച്‌ നമ്മുടെ ആരാധനകള്‍ അവനു മാത്രം നല്‍കുക. അവനോടു മാത്രം പ്രാര്‍ത്ഥിക്കുക. നേര്‍ച്ച വഴിപാടുകള്‍ അവന്നു മാത്രമാക്കുക. ഇതത്രേ മുഴുവന്‍ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ഉല്‍ഘോഷിച്ച ദൈവികമാര്‍ഗ്ഗം. ഇതത്രേ യഥാര്‍ത്ഥമായ ഏകദൈവാരാധന.ഇതാണ്‌ സകല വര്‍ഗ്ഗീയതയും ജാതീയതയും ഇല്ലാതാക്കാനുള്ള മാര്‍ഗം. എല്ലാവരുടേയും ദൈവം ഒന്നാകുമ്പോള്‍ എല്ലാവരും ഒരേ ദൈവത്തിലേക്ക്‌ തങ്ങളെ സമര്‍പ്പിക്കുമ്പോള്‍ വിഭാഗീയതക്കെന്തു സ്ഥാനം? നിങ്ങള്‍ നിങ്ങളുടെ തന്നെ ദൈവത്തെ, സമുദായ ദൈവത്തേയോ കുലദൈവത്തേയോ അല്ല, അതായത്‌ നിങ്ങളെ സൃഷ്ടിക്കുകയൂം പരിപാലിക്കുകയും ചെയ്ത സാക്ഷാല്‍ ദൈവത്തെ ആരാധിക്കുക. ഇതില്‍ വര്‍ഗീയതക്കു വകുപ്പില്ല.

Tuesday, December 12, 2006

ആരാണു ദൈവം? -2

ഇവര്‍ക്കൊക്കെ മുമ്പ്‌ ഈ പ്രപഞ്ചമുണ്ടായിരുന്നില്ലേ? സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമുണ്ടായിരുന്നില്ലേ? മണ്ണും വിണ്ണും ഉണ്ടായിരുന്നില്ലേ? വായുവും വെള്ളവുമുണ്ടായിരുന്നില്ലേ? ഇനി ഇവരൊക്കെയും മരിക്കുകയോ ഇല്ലതാകുകയോ ചെയ്താലും പ്രപഞ്ചം ഇവിടെ ഉണ്ടാകുകയില്ലേ?ത്രേതായുഗത്തിലെ ശ്രീരാമനു മുമ്പേ പ്രപഞ്ചം ഇവെടെയുണ്ടായിരുന്നു. ശേഷവും അതുപോലെത്തന്നെ ഇവിടെയുണ്ട്‌. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്‍, രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ച കന്യാമറിയം, ശ്രീയേശു, ആയിരത്തഞ്ഞൂറു വര്‍ഷം മുമ്പ്‌ ജീവിച്ച മുഹമ്മദ്‌ നബി, ആയിരത്തോളം കൊല്ലം മുമ്പ്‌ ജീവിച്ച മുഹ്‌യുദ്ദീന്‍ ശൈഖ്‌, അങ്ങനെ എത്രയെത്ര മഹാരഥന്മാര്‍! അവര്‍ക്ക്‌ മുമ്പ്‌ പ്രപഞ്ചമുണ്ട്‌. ശേഷവുമുണ്ട്‌. അവര്‍ക്കാര്‍ക്കൂം പ്രപഞ്ചസംവിധാനത്തില്‍ യാതൊരു പങ്കുമില്ല; അവരാരും സാക്ഷാല്‍ ദൈവമല്ല.ഇവരെല്ലാം സൃഷ്ടികള്‍.......ഉറക്കം, മയക്കം, തളര്‍ച്ച, വിശപ്പ്‌, ദാഹം, മറവി എല്ലാമുള്ളവര്‍. ഇവര്‍ക്ക്‌ ന്യൂനതകളേറെയുണ്ട്‌. കാരണം ഇവരൊന്നും ദൈവമല്ലെന്നതു തന്നെ!അപ്പോള്‍ ആരാണു ദൈവം? എല്ലറ്റിനേയും പടച്ചവനാരോ അവന്‍. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും പടച്ചവന്‍. എല്ലാമറിയുന്ന, എല്ലവരേയുമറിയുന്ന, എല്ലാം കാണുന്ന, എല്ലാം കേള്‍ക്കുന്ന, എന്നെന്നും നിലനില്‍ക്കുന്ന പരമകാരുണികനും കരുണാനിധിയുമായ പടച്ചവന്‍. അവനാണു സാക്ഷാല്‍ ദൈവം. അവന്റേതണെല്ലാം. മണ്ണും വിണ്ണും അവക്കകത്തും പുറത്തുമുള്ള സര്‍വവും അവന്റേത്‌ മാത്രം.

Monday, December 11, 2006

ആരാണു ദൈവം?-1

നാമിവിടെ പിറന്നത്‌ നമ്മുടെ അറിവോടെയല്ല. മനുഷ്യനായി ജനിക്കണമെന്നു പോലും നാം ആഗ്രഹിച്ചിരുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ ആരുടെയെങ്കിലും അഭ്യര്‍ത്ഥന മൂലമോ അല്ല നാം ജനിച്ചത്‌. സര്‍ക്കാരോ ശാസ്ത്രകരന്മാരോ ബുദ്ധിജീവികളോ തീരുമാനിച്ചതുമല്ല. അങ്ങനെയായിരുന്നെങ്കില്‍, ദരിദ്രരാജ്യങ്ങളില്‍ ദരിദ്രകുടുംബങ്ങളില്‍ കലുഷിതമായ സാഹചര്യത്തില്‍ പിറക്കുവാന്‍ ഒരു വേള നാം ആഗ്രഹിക്കുമായിരുന്നില്ല.

നാം പിറക്കുന്നതിനു മുമ്പു തന്നെ വളരെ സുഖകരവും സുരക്ഷിതവുമായ ഗര്‍ഭപാത്രം നമുക്കായി ഒരുങ്ങിയിരുന്നു. അതിമനോഹരമായ ഈ പ്രപഞ്ചം നമ്മെ കാത്തിരുന്നു. നമുക്കു വേണ്ടി പൂ വിടരുന്നു. മഞ്ഞും മഴയും, രാവും പകലും, ചൂടും തണുപ്പും, വെയിലും തണലുമുണ്ടാകുന്നു. ഇവയിലൊന്നും നമുക്കൊരു പങ്കുമില്ല. സൂര്യചന്ദ്ര നക്ഷത്രാദികള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. മനുഷ്യനിലും ഇതര ജീവജാലങ്ങളിലും ആശ്ചര്യജനകമായ ജൈവീകമറ്റങ്ങള്‍!

ആരാണിതെല്ലം നിയന്ത്രിക്കുന്നത്‌. നാം കൈകൊണ്ട്‌ തീര്‍ക്കുന്ന ഉപഭോഗവസ്തുക്കളുടെ നിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ ഒരുക്കിയതാര്‌? ആരും ഒന്നും ശൂന്യതയില്‍ നിന്ന്‌ സൃഷ്ടിച്ചതല്ല. എവിടെനിന്നും കൊണ്ടുവന്നതുമല്ല. ഒരിറ്റു വെള്ളം, ഒരു പിടി മണ്ണ്‍, ഒരു കവിള്‍ ശ്വാസവായു...... ഒന്നും നമ്മളാരും ഒരുക്കിയതല്ല. ആരാണിതിന്റെയെല്ലാം പിന്നില്‍?

ഇവയെല്ലാം സ്വയംഭൂ ആണോ? ഒരു മൊട്ടുസൂചി പോലും താനേ ഉണ്ടായെന്ന്‌ അംഗീകരിക്കാന്‍ നമുക്കു കഴിയുമോ? ഒരിക്കലുമില്ല. അപ്പോള്‍ അതിസങ്കീര്‍ണ്ണമായ ഈ പ്രപഞ്ചം സ്വയംഭൂ ആണെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്കു സമ്മതിക്കാന്‍ സാധ്യമല്ല.

ഇവയെല്ലാം സൃഷ്ടിച്ചത്‌ മനുഷ്യദൈവങ്ങളോ സദ്ധന്മാരോ ആണോ? സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തി താനാണെന്നു പറയാനുള്ള `ധൈര്യം` ഇന്നേ വരെ ഒരു ആള്‍ദൈവവും പ്രകടിപ്പിച്ചിട്ടില്ല.