Wednesday, December 13, 2006

ആരാണു ദൈവം?-3

നാമെല്ലാം ഒരു സൃഷ്ടാവിന്റെ സൃഷ്ടികള്‍. ഒരേ പിതാവിന്റെ മക്കള്‍. എല്ലാവരും ഒരേ രീതിയില്‍ ഈ പ്രപഞ്ചത്തിലെ അതിഥികളായെത്തി. ഒരേ പ്രാണവായു ശ്വസിക്കുന്നു. വിശക്കുന്നതും വിശപ്പകറ്റുന്നതും ഒരുപോലെ. ദാഹിക്കുന്നതും ദാഹം തീര്‍ക്കുന്നതും ഒരേ രീതിയില്‍. വ്യത്യസ്ത മതക്കാരനു വ്യത്യസ്ത രീതികളില്ല. കാരണം നമ്മുടെ സൃഷ്ടാവ്‌ ഒരുവനാണ്‌.അതിനാല്‍ നമുക്കൊരു ബാധ്യതയുണ്ട്‌. നാം നമ്മുടെ സൃഷ്ടാവിനോട്‌ നന്ദി കാണിക്കണം. സര്‍വ്വവും നമുക്കായി സജ്ജമാക്കിയ സൃഷ്ടാവിനോട്‌, സകല ഐശ്വര്യങ്ങളും നമുക്കായി ഒരുക്കിയ കരുണാവാരിധിയോട്‌. ചെറിയ ഉപകാരങ്ങള്‍ക്കുപോലും സഹജീവികളോട്‌ നാം നന്ദി കാണിക്കാറില്ലേ. മനുഷ്യന്റെ നിലനില്‍പിന്നാവശ്യമായ സകലതും ഒരുക്കി സംവിധാനിച്ച പ്രപഞ്ചനാഥനോട്‌ നന്ദി കാണിക്കാന്‍ വിമുഖത കാണിക്കുന്നത്‌ തികഞ്ഞ അന്യായമത്രെ.എങ്ങനെയാണ്‌ അവന്ന്‌ നന്ദി കാണിക്കേണ്ടത്‌? അവന്ന്‌ നമ്മുടെ പ്രത്യുപകാരങ്ങളോ ഭക്ഷ്യവസ്തുക്കളോ ആവശ്യമില്ല. മറിച്ച്‌ നമ്മുടെ ആരാധനകള്‍ അവനു മാത്രം നല്‍കുക. അവനോടു മാത്രം പ്രാര്‍ത്ഥിക്കുക. നേര്‍ച്ച വഴിപാടുകള്‍ അവന്നു മാത്രമാക്കുക. ഇതത്രേ മുഴുവന്‍ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ഉല്‍ഘോഷിച്ച ദൈവികമാര്‍ഗ്ഗം. ഇതത്രേ യഥാര്‍ത്ഥമായ ഏകദൈവാരാധന.ഇതാണ്‌ സകല വര്‍ഗ്ഗീയതയും ജാതീയതയും ഇല്ലാതാക്കാനുള്ള മാര്‍ഗം. എല്ലാവരുടേയും ദൈവം ഒന്നാകുമ്പോള്‍ എല്ലാവരും ഒരേ ദൈവത്തിലേക്ക്‌ തങ്ങളെ സമര്‍പ്പിക്കുമ്പോള്‍ വിഭാഗീയതക്കെന്തു സ്ഥാനം? നിങ്ങള്‍ നിങ്ങളുടെ തന്നെ ദൈവത്തെ, സമുദായ ദൈവത്തേയോ കുലദൈവത്തേയോ അല്ല, അതായത്‌ നിങ്ങളെ സൃഷ്ടിക്കുകയൂം പരിപാലിക്കുകയും ചെയ്ത സാക്ഷാല്‍ ദൈവത്തെ ആരാധിക്കുക. ഇതില്‍ വര്‍ഗീയതക്കു വകുപ്പില്ല.

1 comment:

Sreejith K. said...

ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മലയാളത്തിന്റെ ഇടയില്‍ ഇംഗ്ലീഷ് കാണുമ്പോള്‍ ഒരു അസഹിഷ്ണുത.

പോസ്റ്റില്‍ ഇളം നിറത്തില്‍ ഫൊണ്ട് കളര്‍ കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നു :(